
ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ ജീവിക്കുന്ന മലയാളിയുടെ സ്വച്ചന്ദമായ ജീവിതത്തിനു കുളിര്‍മയും കണ്ണിനു ആനന്ദവും പകരുന്ന ഒന്നാണ് മഴ . മലയാളി മഴ അനുഭവിക്കുന്ന പോലെ വേറൊരു ജന വിഭാഗവും മഴ അനുഭവിക്കുന്നോ എന്ന കാര്യം സംശയമാണ്. മഴയുടെ പ്രകൃതി പരമായ ആവശ്യങ്ങളെക്കാള്‍ അത് നമ്മുടെ സംസ്കാരവുമായും ഓര്‍മകളുമായും ബന്ധപ്പെട്ട് കിടക്കുന്നു. കേരളത്തിന്റെ സമ്പുഷ്ടമായ കാര്‍ഷിക ഘടനയെ മുന്നോട്ടു നയിക്കുന്നതില്‍ മഴ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍ ഇന്നു നാം കാര്‍ഷിക മേഖലയെ പാടെ തഴയുകയും അന്യ സംസ്ഥാനങ്ങളിലെ കാര്‍ഷിക വിപണിയെ ആശ്രയിക്കുകയും ചെയ്യുന്നു. പ്രകൃതിക്ക് നേരെ നിരന്തരം കയ്യേറ്റങ്ങളും താളം തെറ്റിയ വികസന പാറ്റേണുമായി നാം മുന്നോട്ടു പോവുകയും ചെയ്തതിന്റെ ഫലമായി മുന്‍പില്ലാത്ത വിധം കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും അത് നമ്മുടെ മഴയുടെ ലഭ്യതയെ പോലും ദോഷകരമായി ബാധിക്കുകയും ചെയ്തു . നാല്പതോളം നദികളും ഒട്ടേറെ കായലുകളും മലയാളിയുടെ ചുറ്റുവട്ടത്തെയും സംസ്കാരങ്ങളെയും അലങ്കരിച്ചു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും വിജനമായ മണല്‍ കാടുകളാക്കി നാം നമ്മുടെ ജല സ്രോതസുകളെ കശക്കിയെറിഞ്ഞു .പുഴ മലയാളിയില്‍ ഇന്നൊരു ഗ്രിഹാതുരത്വം മാത്രമാണ് അവശേഷിപ്പിക്കുന്നത് .പുഴയിലെ മുങ്ങിക്കുളിയും , തീരങ്ങളിലെ സായാഹ്ന കൂട്ടായ്മയും,മഴയത്ത് കുത്തിയൊലിച്ച് പായുന്ന പുഴയുടെ രൌദ്രതയും ,പുഴയുടെ കാന്‍വാസില്‍ ഓര്മചിത്രങ്ങളായ പ്രണയവും എല്ലാം പുതിയ തലമുറയ്ക്ക് വെറും വായന അനുഭവം മാത്രമാകും .മലയാളിയുടെ സാഹിത്യത്തിലും സിനിമയിലും മഴ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.നീരാവി ഖനീഭവിച്ച് ഉണ്ടാകുന്ന മഴയുടെ ശാസ്ത്രീയമായ തിയറിയെ വൈകാരികമായ ഒരു അനുഭൂതി ആക്കി മാറ്റിതന്നു നമ്മുടെ സമ്പന്നമായ സാഹിതിലോകം.മഴയുടെ പശ്ചാത്തലം സ്വന്തം സൃഷ്ടിയില്‍ കടന്നു വരാത്ത ഒരെഴുത്തുകാരനും കേരളക്കരയില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.രാത്രി മഴയായി ,പെരുമഴക്കാലമായി മഴ മലയാളിയുടെ ആസ്വാദനത്തിന് ഒരു പുതിയ ഭാവുകത്വം സമ്മാനിച്ചു .തൂവാനതുമ്പികള്‍ എന്ന സിനിമയില്‍ മഴയുടെ അനുഭൂതിയെ പദ്മരാജന് എത്ര മനോഹരമായിട്ടാണ് വിളക്കി ചേര്‍ത്തത്.പെരുമഴക്കാലം എന്ന സിനിമയില്‍ ഇടക്കിടെ കടന്നു വരുന്ന ഒരു കഥാപാത്രം തന്നെ ആയി മഴ.കുട്ടിക്കാലത്ത് സ്കൂള്‍ യാത്രകളില്‍ കൂട്ടുകരോടോത് മഴയത്ത് ആടിതിമിര്‍ക്കുന്നതും വാഴയിലയിലെ ഇത്തിരി തണലില്‍ നനഞ്ഞു കുതിര്‍ന്ന് അഭയം തേടിയതും എല്ലാം ആര്‍ദ്രമായ ഓര്‍മകളാണ് മലയാളിയ്ക്ക്.മണ്ണില്‍ ചവിട്ടി നടക്കാന്‍ ഭാഗ്യം കിട്ടാതെ നമ്മുടെ കുട്ടികള്‍ സ്കൂള്‍ ബസിനെ ശ്വാസം മുട്ടലില്‍ അഭയം തേടുന്നത് കാണുമ്പൊള്‍ മനസ് അസ്വസ്തമാവുന്നു.